നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ലിസാ എം. സമ്രാ

ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കുക

1999 ജൂലൈ 16-ന് ജോണ്‍ എഫ്. കെന്നഡി ജൂനിയര്‍ ( മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ മകന്‍) പറത്തിയ ചെറിയ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നു വീണു. സ്‌പേഷ്യല്‍ ഡിസോറിയന്റേഷന്‍ എന്നറിയപ്പെടുന്ന ഒരു സാധാരണ പിശകാണ് അപകടകാരണമെന്ന് അന്വേഷകര്‍ വിലയിരുത്തി. കാഴ്ചക്കുറവ് കാരണം, പൈലറ്റുമാര്‍ വഴിതെറ്റിപ്പോകുകയും ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചേരാന്‍ സഹായിക്കുന്നതിന് അവരുടെ ഉപകരണങ്ങളെ ആശ്രയിക്കാന്‍ മറക്കുകയും ചെയ്യുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

നമ്മള്‍ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍, ജീവിതം അത്യധികം പ്രയാസകരമായി അനുഭവപ്പെടുന്ന അനുഭവങ്ങളുണ്ടാകയും നാം ദിശമാറിപ്പോകയും ചെയ്യാറുണ്ട്. ഒരു കാന്‍സര്‍ രോഗനിര്‍ണ്ണയം, പ്രിയപ്പെട്ട ഒരാളുടെ മരണം, ജോലി നഷ്ടപ്പെടല്‍, ഒരു സുഹൃത്തിന്റെ വിശ്വാസവഞ്ചന എന്നിങ്ങനെ ജീവിതത്തിലെ അപ്രതീക്ഷിത ദുരന്തങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്‌തേക്കാം.

ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ നാം അകപ്പെടുമ്പോള്‍, 43-ാം സങ്കീര്‍ത്തനത്തിന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കാന്‍ നാം ശ്രമിച്ചേക്കാം. ഈ സങ്കീര്‍ത്തനത്തില്‍, താന്‍ ദുഷ്ടതയാലും അനീതിയാലും വലയം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ താന്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്നതായി സങ്കീര്‍ത്തനക്കാരന് അനുഭവപ്പെടുന്നു. നിരാശയില്‍, സുരക്ഷിതമായി തന്റെ ലക്ഷ്യസ്ഥാനമായ ദൈവസാന്നിധ്യത്തിലേക്ക് സഞ്ചരിക്കുന്നതിനു തന്നെ സഹായിക്കുന്നതിനായി അവന്‍ ദൈവത്തോടു നിലവിളിക്കുന്നു (വാ. 3-4). ദൈവസന്നിധിയില്‍ പുതിയ പ്രത്യാശയും സന്തോഷവും കണ്ടെത്താന്‍ കഴിയുമെന്നു സങ്കീര്‍ത്തനക്കാരനറിയാം. 

മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി സങ്കീര്‍ത്തനക്കാരന്‍ അഭ്യര്‍ത്ഥിക്കുന്ന ഉപകരണങ്ങള്‍ ഏതാണ്? സത്യത്തിന്റെ പ്രകാശവും പരിശുദ്ധാത്മാവിനാല്‍ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ഉറപ്പും.

നിങ്ങള്‍ക്കു വഴിതെറ്റിപ്പോയതായി തോന്നുകയും നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ ആത്മാവിലൂടെയും സ്‌നേഹപൂര്‍വമായ സാന്നിധ്യത്തിലൂടെയും ദൈവത്തിന്റെ വിശ്വസ്ത മാര്‍ഗ്ഗനിര്‍ദ്ദേശം നിങ്ങളെ ആശ്വസിപ്പിക്കുകയും നിങ്ങളുടെ വഴിയെ പ്രകാശിപ്പിക്കുകയും ചെയ്യും.

വിശ്വാസത്തിന്റെ വഴി

2017 ലെ ലോകകപ്പ് യോഗ്യതാമത്സരത്തില്‍, അമേരിക്കയുടെ പുരുഷ ദേശീയ ടീമിനെ, അവരെക്കാള്‍ അമ്പത്തിയാറു സ്ഥാനത്തിനു പിന്നില്‍ നിന്നിരുന്നവരും അത്രയൊന്നും അറിയപ്പെടാത്തതുമായ ട്രിനിഡാഡ് & ടൊബാഗോ ടീം തോല്‍പ്പിച്ചതു ലോകത്തെ ഞെട്ടിച്ചു. 2-1 സ്‌കോറിന്  യുഎസ് ടീം 2018 ലെ ലോകകപ്പില്‍ നിന്നു പുറത്തായി.

ട്രിനിഡാഡ് & ടൊബാഗോയുടെ വിജയം അപ്രതീക്ഷിതമായിരുന്നു. അതിന്റെ ഒരു കാരണം അമേരിക്കയുടെ ജനസംഖ്യയുടെയും വിഭവങ്ങളുടെയും മുമ്പില്‍ ഈ ചെറിയ കരീബിയന്‍ രാജ്യം നിസ്സാരമായിരുന്നു എന്നതായിരുന്നു. എന്നാല്‍ ആവേശഭരിതരായ ഈ ടീമിനെ പരാജയപ്പെടുത്താന്‍ ആ മികവുകള്‍ പര്യാപ്തമായിരുന്നില്ല.

ഗിദെയോന്റെയും മിദ്യാന്യരുടെയും കഥയില്‍ സമാനമായ ഒരു നടുക്കമുണ്ട് - അവിടെയും ഒരു ചെറിയ കൂട്ടം പോരാളികളും ഒരു വലിയ സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. യിസ്രായേല്‍ സൈന്യത്തില്‍ യഥാര്‍ത്ഥത്തില്‍ മുപ്പതിനായിരത്തിലധികം പടയാളികളുണ്ടായിരുന്നു. എന്നാല്‍ യഹോവ ആ സൈന്യത്തെ വെറും മുന്നൂറോളം യോദ്ധാക്കളാക്കി വെട്ടിച്ചുരുക്കി. അവരുടെ വിജയം അവരുടെ സൈന്യത്തിന്റെ വലിപ്പത്തിലോ, അവരുടെ ഭണ്ഡാരത്തിലെ ധനത്തിന്റെ അളവിലോ, അല്ലെങ്കില്‍ അവരുടെ നേതാക്കളുടെ വൈദഗ്ധ്യത്തിലോ അല്ല, ദൈവത്തിലാണ് ആശ്രയിച്ചിരിക്കുന്നതെന്നു രാജ്യം മനസ്സിലാക്കുന്നതിനുവേണ്ടിയായിരുന്നു അങ്ങനെ ചെയ്തത് (ന്യായാധിപന്മാര്‍ 7:1-8).

നമുക്കു കാണാനോ അളക്കാനോ കഴിയുന്ന കാര്യങ്ങളില്‍ വിശ്വാസവും ആശ്രയവും വയ്ക്കാന്‍ നമുക്കു ചിലപ്പോള്‍ പ്രലോഭനമുണ്ടായേക്കാം, എന്നാല്‍ അതല്ല വിശ്വാസത്തിന്റെ വഴി. ദൈവത്തിലാശ്രയിക്കാന്‍ നാം തയ്യാറാകുമ്പോള്‍, 'കര്‍ത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുക'' (എഫെസ്യര്‍ 6:10) എന്നതു പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും, നാം ഭയചകിതരും യോഗ്യതയില്ലാത്തവരെന്ന ബോധ്യമുള്ളവരും ആയിരിക്കുമ്പോള്‍പോലും നമുക്കു ധൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി പ്രതികൂല സാഹചര്യങ്ങളുടെനേരെ മുന്നേറാന്‍ കഴിയും. ദൈവത്തിന്റെ സാന്നിധ്യത്തിനും ശക്തിക്കും നമ്മിലും നമ്മിലൂടെയും അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ശ്രദ്ധേയമായ ജീവിതം

ശ്രദ്ധേയയായ ഓസ്‌ട്രേലിയന്‍ സര്‍ജന്‍ കാതറിന്‍ ഹാംലിനെക്കുറിച്ച്, അവളുടെ മരണവാര്‍ത്ത വായിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ മനസ്സിലാക്കി. വികസ്വര രാജ്യങ്ങളില്‍ സാധാരണമായതും, പ്രസവസമയത്തു സംഭവിക്കുന്ന സാധാരണ മുറിവായ ഫിസ്റ്റുലയെത്തുടര്‍ന്നുണ്ടാകുന്നതുമായ, ശാരീരികവും വൈകാരികവുമായ ആഘാതത്തില്‍ നിന്നു സ്ത്രീകളെ സുഖപ്പെടുത്തുന്നതിനായി സമര്‍പ്പിക്കപ്പെട്ട ലോകത്തിലെ ഏക ആശുപത്രി, കാതറിനും ഭര്‍ത്താവും ചേര്‍ന്ന് എത്യോപ്യയില്‍ സ്ഥാപിച്ചു. 60,000 ത്തിലധികം സ്ത്രീകളുടെ ചികിത്സയ്ക്ക് കാതറിന്‍ മേല്‍നോട്ടം വഹിച്ചു.

തൊണ്ണൂറ്റിരണ്ടു വയസ്സുള്ളപ്പോഴും ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാതറിന്‍, ഓരോ ദിവസവും ആരംഭിച്ചിരുന്നത് ഒരു കപ്പു ചായയും ബൈബിള്‍ പഠനവും കൊണ്ടായിരുന്നു. തന്റെ വിജയത്തെക്കുറിച്ചു ചോദിച്ചവരോടെല്ലാം താന്‍ യേശുവില്‍ വിശ്വസിക്കുന്ന ഒരു സാധാരണ വിശ്വാസിയാണെന്നും ദൈവം നല്‍കിയ ജോലി താന്‍ നിവേറ്റുക മാത്രമാണു ചെയ്യുന്നതെന്നും അവള്‍ പറഞ്ഞു.

കാതറിന്റെ ശ്രദ്ധേയമായ ജീവിതത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവളാണ്. കാരണം, ദൈവത്തെ നിരസിക്കുന്ന ആളുകള്‍ പോലും നമ്മുടെ 'നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടുƒസന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തത്തക്കവിധം'' (1 പത്രൊസ് 2:12 ) നമ്മുടെ ജീവിതം നയിക്കാനുള്ള തിരുവെഴുത്തിന്റെ ആഹ്വാനത്തെ അവള്‍ ശക്തമായവിധം എനിക്കു മാതൃക കാണിച്ചുതന്നു.

ആത്മീയ അന്ധകാരത്തില്‍ നിന്നു ദൈവവുമായുള്ള ഒരു ബന്ധത്തിലേക്കു നമ്മെ വിളിച്ച ദൈവാത്മാവിന്റെ ശക്തിക്ക് (വാ. 9) നമ്മുടെ ജോലിയെ അല്ലെങ്കില്‍ സേവന മേഖലകളെ നമ്മുടെ വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാക്കി മാറ്റാനും കഴിയും. ദൈവം നമുക്കു നല്‍കിയ ഏതൊരു അഭിനിവേശവും നൈപുണ്യവും ഉപയോഗപ്പെടുത്തി ആളുകളെ ദൈവത്തിങ്കലേക്കു ചൂണ്ടിക്കാണിക്കാന്‍ നമുക്കു കഴിയും. മാത്രമല്ല, ശക്തമായ രീതിയില്‍ അവയെല്ലാം ചെയ്യുന്നതിലൂടെ, നമ്മുടെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥവും ഉദ്ദേശ്യവും കൈവരിക്കാനും നമുക്കു കഴിയും.

സ്‌നേഹം പിന്തുടരുന്നു

ഇംഗ്ലീഷ് കവി ഫ്രാന്‍സിസ് തോംസണ്‍ എഴുതിയ 'ദി ഹോണ്ട് ഓഫ് ഹെവന്‍' എന്ന പ്രസിദ്ധമായ കവിത ആരംഭിക്കുന്നത് 'ഞാന്‍ അവനെ വിട്ട് ഓടി, രാത്രികളിലും പകലുകളിലും ഓടിയകന്നു'' എന്നീ വരികളിലൂടെയാണ്. ദൈവത്തില്‍നിന്ന് ഒളിച്ചിരിക്കാനോ ഒളിച്ചോടാനോ ഉള്ള തന്റെ പരിശ്രമത്തിന്റെ നടുവിലും, യേശു വിടാതെ പിന്തുടര്‍ന്നതിനെക്കുറിച്ചു തോംസണ്‍ വിവരിക്കുന്നു. കവി ഉപസംഹരിക്കുന്നു, ''അങ്ങ് അന്വേഷിക്കുന്നവന്‍ ഞാനാണ്!''

ദൈവത്തിന്റെ പിന്തുടരുന്ന ഈ സ്‌നേഹമാണ് യോനായുടെ പുസ്തകത്തിന്റെ കേന്ദ്രവിഷയം. നീനെവേയിലെ ജനങ്ങളോടു (യിസ്രായേലിന്റെ ശത്രുക്കള്‍) ദൈവത്തിങ്കലേക്കു തിരിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറയാനുള്ള ഒരു ദൈവികനിയോഗം പ്രവാചകനു ലഭിച്ചു. എങ്കിലും നിനെവേയിലേക്കു പോകുന്നതിനു പകരം, ''യോനാ യഹോവയുടെ സന്നിധിയില്‍നിന്നു തര്‍ശീശിലേക്ക് ഓടിപ്പോയി'' (യോനാ 1:3). നീനെവേയുടെ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ഒരു കപ്പലില്‍ യാത്രചെയ്യാന്‍ അവന്‍ ഒരു സീറ്റ് കരസ്ഥമാക്കി. പക്ഷേ കപ്പല്‍ അക്രമാസക്തമായ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ടു. കപ്പലിലെ ജോലിക്കാരെ രക്ഷിക്കാനായി, അവര്‍ യോനായെ കടലിലേക്ക് എറിയുകയും അവനെ ഒരു വലിയ മത്സ്യം വിഴുങ്ങുകയും ചെയ്തു (1:15-17).

ദൈവത്തില്‍ നിന്ന് ഒളിച്ചോടാന്‍ എത്ര ശ്രമിച്ചിട്ടും ദൈവം തന്നെ പിന്തുടര്‍ന്നുവെന്നു യോനാ തന്റെ മനോഹരമായ കവിതയില്‍ വിശദീകരിച്ചു. യോനാ തന്റെ അവസ്ഥയില്‍ തളര്‍ന്നു. ആ അവസ്ഥയില്‍നിന്നു രക്ഷപ്പെടേണ്ടുന്ന ആവശ്യം വന്നു. അപ്പോള്‍ യോനാ പ്രാര്‍ത്ഥനയില്‍ ദൈവത്തോടു നിലവിളിക്കുകയും അവിടുത്തെ സ്‌നേഹത്തിലേക്കു തിരിയുകയും ചെയ്തു (2:2, 8). ദൈവം ഉത്തരം നല്‍കി, യോനായ്ക്കു മാത്രമല്ല, അശ്ശൂര്യരായ ശത്രുക്കള്‍ക്കും രക്ഷ നല്‍കി (3:10).

രണ്ടു കവിതകളിലും വിവരിച്ചിരിക്കുന്നതുപോലെ, നാം ദൈവത്തില്‍നിന്ന് ഓടാന്‍ ശ്രമിക്കുന്ന സമയങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകാം. അപ്പോഴും യേശു നമ്മെ സ്‌നേഹിക്കുകയും യേശുവുമായുള്ള പുനഃസ്ഥാപിതബന്ധത്തിലേക്കു നമ്മെ നയിക്കുകയും ചെയ്യുന്നു (1 യോഹന്നാന്‍ 1:9).

അത് യേശുവാണ്!

ജനപ്രിയ യുഎസ് റ്റെലിവിഷന്‍ റ്റാലന്റ് മത്സരമായ അമേരിക്കാസ് ഗോട്ട് ടാലന്റിന്റെ ഒരു എപ്പിസോഡിനിടെ, അഞ്ചു വയസ്സുകാരി വളരെ ആദരവോടെ പാടിയതുകണ്ട് ഒരു ജഡ്ജ് അവളെ 1930 കളിലെ ഒരു പ്രശസ്ത ബാലഗായികയും നര്‍ത്തകിയുമായ ബാലികയോടു താരതമ്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു, 'ഷെര്‍ലി ടെമ്പിള്‍ നിന്റെ ഉള്ളില്‍ എവിടെയോ ജീവിക്കുന്നുണ്ടെന്നു ഞാന്‍ കരുതുന്നു.'' അവളുടെ അപ്രതീക്ഷിത പ്രതികരണം: 'ഷെര്‍ലി ടെമ്പിള്‍ അല്ല. യേശു!'' 

ആ കൊച്ചു പെണ്‍കുട്ടിയുടെ സന്തോഷം, അവളില്‍ വസിക്കുന്ന യേശുവില്‍നിന്നാണെന്നുള്ള ആഴത്തിലുള്ള അവബോധത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു. യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവത്തോടൊത്തുള്ള നിത്യജീവന്റെ വാഗ്ദാനം മാത്രമല്ല, യേശുവിന്റെ സാന്നിധ്യവും അവിടുത്തെ ആത്മാവിലൂടെ ലഭിക്കുന്നുവെന്ന അത്ഭുതകരമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ഉറപ്പ് തിരുവെഴുത്തു നമുക്കു നല്‍കുന്നു-നമ്മുടെ ഹൃദയങ്ങള്‍ യേശുവിന്റെ ഭവനമായിത്തീരുന്നു (കൊലൊസ്യര്‍ 1:27; എഫെസ്യര്‍ 3:17).

നമ്മുടെ ഹൃദയങ്ങളിലുള്ള യേശുവിന്റെ സാന്നിദ്ധ്യം, കൃതജ്ഞതയ്ക്കുള്ള എണ്ണമറ്റ കാരണങ്ങള്‍കൊണ്ടു നമ്മെ നിറയ്ക്കുന്നു (കൊലൊസ്യര്‍ 2:6-7). ഉദ്ദേശ്യത്തോടും ഊര്‍ജ്ജസ്വലരായും ജീവിക്കാനുള്ള കഴിവ് അവിടുന്നു നല്‍കുന്നു (1:28-29). എല്ലാ സാഹചര്യങ്ങളിലും, ആഘോഷവേളകളിലും പോരാട്ടസമയങ്ങളിലും, അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷം വളര്‍ത്തുന്നു (ഫിലിപ്പിയര്‍ 4:12-13). നമുക്ക് എല്ലാം കാണാന്‍ കഴിയാത്തപ്പോള്‍പ്പോലും ദൈവം നന്മയ്ക്കായി സകലവും കൂടി വ്യാപരിപ്പിക്കുന്നുവെന്ന പ്രത്യാശ ക്രിസ്തുവിന്റെ ആത്മാവ് നമ്മുടെ ഹൃദയത്തില്‍ നല്‍കുന്നു (റോമര്‍ 8:28). നമുക്ക്ുചുറ്റുമുള്ള കുഴപ്പങ്ങള്‍ കണക്കിലെടുക്കാതെ, ആത്മാവ് നമുക്കു സമാധാനം നല്‍കുന്നു (കൊലൊസ്യര്‍ 3:15).

നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുന്ന യേശുവില്‍നിന്നു ലഭിക്കുന്ന ആത്മവിശ്വാസത്തോടെ, മറ്റുള്ളവര്‍ ശ്രദ്ധിക്കത്തക്കവിധം അവിടുത്തെ സാന്നിദ്ധ്യം നമ്മിലൂടെ പ്രകാശിക്കാന്‍ നമുക്ക് അനുവദിക്കാം.

ഒരിക്കലും ഏകരല്ല

'ഇതിന് ഭവനരാഹിത്യം, വിശപ്പ്, രോഗം എന്നിവയേക്കാള്‍ വേദനാജനകമാകാന്‍ കഴിയും' ദി ഇക്കണോമിസ്റ്റിന്റെ 1843 ലെ മാസികയില്‍ മാഗി ഫെര്‍ഗൂസണ്‍ എഴുതി. അവളുടെ വിഷയം? ഏകാന്തത. ഏകാന്തത അനുഭവപ്പെടുക എന്നാല്‍ എന്താണെന്നുള്ളതിന്റെ ഹൃദയഭേദകമായ ഉദാഹരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, സാമൂഹികമോ, സാമ്പത്തികമോ ആയ ഏറ്റക്കുറച്ചിലുകള്‍ നോക്കാതെ തന്നെ ഏകാന്തതയുടെ വര്‍ദ്ധിച്ചുവരുന്ന നിരക്ക് ഫെര്‍ഗൂസണ്‍ വിശദീകരിച്ചു.

ഒറ്റയ്ക്കാണെന്നു തോന്നുന്നതിന്റെ വേദന നമ്മുടെ കാലത്തെ മാത്രം പുതുമയല്ല. ഒറ്റപ്പെടലിന്റെ വേദന പുരാതന പുസ്തകമായ സഭാപ്രസംഗിയുടെ പേജുകളില്‍ പ്രതിധ്വനിക്കുന്നു. ശലോമോന്‍ രാജാവ് എഴുതിയെന്നുവിശ്വസിക്കപ്പെടുന്ന ഈ പുസ്തകം അര്‍ത്ഥവത്തായ ബന്ധങ്ങളില്ലെന്ന് തോന്നുന്നവരുടെ സങ്കടം പകര്‍ത്തുന്നു (4:7-8). കാര്യമായ സ്വത്ത് സമ്പാദിക്കാന്‍ കഴിയുമെങ്കിലും അത് പങ്കിടാന്‍ ആരുമില്ലാത്തതിനാല്‍ അതില്‍ നിന്ന് വിലയേറിയ ഒരു കാര്യവും അനുഭവിക്കുന്നില്ല എന്ന് സഭാപ്രസംഗി വിലപിക്കുന്നു.

അതോടൊപ്പം കൂട്ടുകെട്ടിന്റെ മനോഹാരിത സഭാപ്രസംഗി തിരിച്ചറിഞ്ഞു - നിങ്ങള്‍ക്ക് സ്വന്തമായി നേടാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ നേടാന്‍ സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കുന്നുവെന്ന് അവന്‍ എഴുതി (വാ. 9); ആവശ്യ സമയങ്ങളില്‍ കൂട്ടാളികള്‍ സഹായിക്കുന്നു (വാ. 10); പങ്കാളികള്‍ ആശ്വാസം നല്‍കുന്നു (വാ. 11); കൂടാതെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ സംരക്ഷണം നല്‍കാന്‍ സുഹൃത്തുക്കള്‍ക്ക് കഴിയും (വാ. 12).

ഏകാന്തത ഒരു സുപ്രധാന പോരാട്ടമാണ് - സൗഹൃദത്തിന്റെയും സമൂഹത്തിന്റെയും നേട്ടങ്ങള്‍ നല്‍കുന്നതിനും സ്വീകരിക്കുന്നതിനുമായി ദൈവം നമ്മെ സൃഷ്ടിച്ചു. നിങ്ങള്‍ ഒറ്റയ്ക്കാണ് എന്നു തോന്നുന്നുവെങ്കില്‍, മറ്റുള്ളവരുമായി അര്‍ത്ഥവത്തായ ബന്ധം സ്ഥാപിക്കാന്‍ നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുക. അതിനിടയില്‍, യേശുവിന്റെ ആത്മാവ് എല്ലായ്‌പ്പോഴും നമ്മോടൊപ്പമുള്ളതിനാല്‍ വിശ്വാസി ഒരിക്കലും ഒറ്റയ്ക്കല്ല എന്ന യാഥാര്‍ത്ഥ്യത്തില്‍ പ്രോത്സാഹനം കണ്ടെത്തുക (മത്തായി 28:20).

ഒരു ശക്തമായ അരുവി

വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്റ് കള്‍ച്ചറില്‍, അടിമത്തത്തിന്റെ പരുഷമായ യാഥാര്‍ത്ഥ്യത്തെക്കുറിച്ചും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും പര്യവേക്ഷണം നടത്താന്‍ സഹായിക്കുന്ന നിരവധി പ്രദര്‍ശനങ്ങളും കരകൗശല വസ്തുക്കളും നിറഞ്ഞിരിക്കുന്നു. ശാന്തമായ ഈ മുറിയില്‍ വെങ്കല ഗ്ലാസിന്റെ അര്‍ദ്ധസുതാര്യമായ ഭിത്തികള്‍ ഉണ്ട്, കൂടാതെ സീലിംഗില്‍ നിന്ന് ഒരു കുളത്തിലേക്ക് വെള്ളം പെയ്യുന്നതായി തോന്നുന്നു.

ശാന്തത നിറഞ്ഞ ആ സ്ഥലത്ത് ഞാന്‍ ഇരിക്കുമ്പോള്‍, ചുവരില്‍ തൂക്കിയിരിക്കുന്ന ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ഒരു ഉദ്ധരണി എന്റെ ശ്രദ്ധ പിടിച്ചുപറ്റി: ''ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകുന്നതുവരെ .... പ്രവര്‍ത്തിക്കാനും പോരാടാനും ഞങ്ങള്‍ ദൃഢനിശ്ചയമുള്ളവരാണ്.' ആമോസിന്റെ പഴയനിയമ പുസ്തകത്തില്‍ നിന്നാണ് ഈ ശക്തമായ വാക്കുകള്‍ വരുന്നത്.

ഉത്സവങ്ങള്‍ ആഘോഷിക്കുക, യാഗങ്ങള്‍ അര്‍പ്പിക്കുക തുടങ്ങിയ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു ജനതയ്ക്കിടയില്‍ ജീവിച്ചിരുന്ന ഒരു പ്രവാചകനായിരുന്നു ആമോസ്. എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ ദൈവത്തില്‍ നിന്ന് അകലെയായിരുന്നു (ആമോസ് 5:21-23). ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി പുലര്‍ത്തുന്നതുള്‍പ്പെടെയുള്ള അവന്റെ കല്പനകളില്‍ നിന്ന് പിന്തിരിയാന്‍ അവയെ അവര്‍ ഉപയോഗിച്ചതുകൊണ്ട് ദൈവം അവരുടെ യാഗങ്ങളെ നിരസിച്ചു.

ദൈവത്തോടും മറ്റുള്ളവരോടും സ്നേഹമില്ലാത്ത മതപരമായ ചടങ്ങുകള്‍ക്കുപകരം, എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനായുള്ള ആത്മാര്‍ത്ഥമായ താത്പര്യം പ്രകടിപ്പിക്കാന്‍ ദൈവം തന്റെ ജനത്തെക്കുറിച്ച് ആഗ്രഹിക്കുന്നുവെന്ന് ആമോസ് എഴുതി - ഉദാരമായ ഒരു ജീവിതരീതി, അത് ഒഴുകുന്നിടത്തെല്ലാം ജീവന്‍ നല്‍കുന്ന ശക്തമായ നദിയായിരിക്കും.

ദൈവത്തെ സ്‌നേഹിക്കുന്നത് നമ്മുടെ അയല്‍ക്കാരെ സ്‌നേഹിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അതേ സത്യം യേശു പഠിപ്പിച്ചു (മത്തായി 22:37-39). നാം ദൈവത്തെ സ്‌നേഹിക്കാന്‍ ശ്രമിക്കുമ്പോള്‍, അതു നീതിയെ വിലപ്പെട്ടതായി കരുതുന്ന ഒരു ഹൃദയത്തില്‍നിന്നായിരിക്കട്ടെ.

കാഹളങ്ങള്‍ മുഴക്കുക

എല്ലാ ദിനാന്ത്യത്തിലും ശവസംസ്‌കാര ചടങ്ങുകളിലും യുഎസ് സൈന്യം വായിക്കുന്ന ട്രമ്പറ്റ് കോളാണ് ''ടാപ്സ്.'' അനൗദ്യോഗിക വരികള്‍ വായിച്ച് പല വരികളും അവസാനിക്കുന്നത് 'ദൈവം അടുത്തിരിക്കുന്നു' എന്ന വാക്യത്തോടെയാണ് എന്നു കണ്ടെത്തിയപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഓരോ രാത്രിയുടെയും ഇരുട്ടു വീഴുന്നതിനുമുമ്പായാലും പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തില്‍ വിലപിക്കുന്ന സമയത്തായാലും ദൈവം അടുത്തുണ്ട് എന്ന മനോഹരമായ ഉറപ്പാണ് ഈ വരികള്‍ പടയാളികള്‍ക്കു വാഗ്ദാനം ചെയ്യുന്നത്.

പഴയനിയമത്തില്‍, ദൈവം അടുത്തുണ്ടെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു കാഹളങ്ങള്‍. ദൈവവും യിസ്രായേല്‍ ജനതയും തമ്മിലുള്ള ഉടമ്പടി കരാറിന്റെ ഭാഗമായ പെരുന്നാളുകളും ഉത്സവങ്ങളും ആഘോഷിക്കുന്നതിനിടയില്‍, യെഹൂദന്മാര്‍ ''കാഹളം മുഴക്കണം'' (സംഖ്യാപുസ്തകം 10:10). കാഹളം ഊതുന്നത് ദൈവത്തിന്റെ സാന്നിധ്യത്തെ മാത്രമല്ല, അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അവന്‍ ലഭ്യമാണെന്നതും അവരെ ഓര്‍മ്മപ്പെടുത്തി - അവരെ സഹായിക്കാന്‍ അവന്‍ ആഗ്രഹിച്ചു.

ദൈവം അടുത്തിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ഇന്നും നമുക്ക് ആവശ്യമാണ്. നമ്മുടെ ആരാധനാരീതിയില്‍, നമുക്കും പ്രാര്‍ത്ഥനയിലൂടെയും പാട്ടിലൂടെയും ദൈവത്തെ വിളിക്കാം. ഒരുപക്ഷേ, നമ്മെ സഹായിക്കാന്‍ ദൈവത്തോട് ആവശ്യപ്പെടുന്ന കാഹളങ്ങളായി നമ്മുടെ പ്രാര്‍ത്ഥനകളെ നമുക്കു കരുതാം. ആ കാഹളനാദത്തെ ദൈവം എപ്പോഴും കേള്‍ക്കുന്നു എന്നതാണ് നമുക്കുള്ള മനോഹരമായ പ്രോത്സാഹനം (1 പത്രൊസ് 3:12). ജീവിതത്തിലെ പ്രതിസന്ധികളിലും ദുഃഖങ്ങളിലും നമ്മെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന അവിടുത്തെ സാന്നിധ്യത്തിന്റെ ഉറപ്പോടെ നമ്മുടെ ഓരോ അപേക്ഷയോടും അവന്‍ പ്രതികരിക്കുന്നു.

ലോകത്തിന് സന്തോഷം

ഓരോ ക്രിസ്തുമസിനും ലോകമെമ്പാടുനിന്നുമുള്ള തിരുപ്പിറവി രംഗങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഞങ്ങളുടെ വീട് അലങ്കരിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ജര്‍മ്മന്‍ തിരുപ്പിറവി പിരമിഡുണ്ട്; ബെത്ലഹേമില്‍ നിന്നുള്ള ഒലിവ് മരത്തില്‍ നിര്‍മ്മിച്ച ഒരു പുല്്‌ത്തൊട്ടി രംഗവും കടും വര്‍ണ്ണത്തിലുള്ള ഒരു മെക്‌സിക്കന്‍ നാടോടി പതിപ്പും ഉണ്ട്. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും പ്രിയങ്കരം ആഫ്രിക്കയില്‍ നിന്നുള്ള വിചിത്രമായ ഒന്നാണ്. കൂടുതല്‍ പരമ്പരാഗത ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും പകരം, ഒരു ഹിപ്പോപ്പൊട്ടാമസാണ് യേശുക്കുഞ്ഞിനെ ഉറ്റുനോക്കുന്നത്.

യേശുവിന്റെ ജനനം ഒരു ജനതയ്ക്കോ സംസ്‌കാരത്തിനോ മാത്രമായിരുന്നില്ല എന്നതിന്റെ മനോഹരമായ ഈ ഓരോ ഓര്‍മ്മപ്പെടുത്തലും ഞാന്‍ വീക്ഷിക്കുമ്പോള്‍ ഈ തിരുപ്പിറവി രംഗങ്ങളിലൂടെ സജീവമാക്കുന്ന അതുല്യമായ സാംസ്‌കാരിക വീക്ഷണങ്ങള്‍ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. ഇത് മുഴു ഭൂമിക്കും ഉള്ള സന്തോഷവാര്‍ത്തയാണ്, എല്ലാ രാജ്യങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് സന്തോഷിക്കാനുള്ള ഒരു കാരണമാണിത്.

ഞങ്ങളുടെ ഓരോ തിരുപ്പിറവി രംഗത്തിലും ചിത്രീകരിച്ചിരിക്കുന്ന ശിശു മുഴുലോകത്തിനും വേണ്ടിയുള്ള ദൈവത്തിന്റെ ഹൃദയത്തിന്റെ ഈ സത്യം വെളിപ്പെടുത്തി. നിക്കോദേമൊസ് എന്ന പരീശനുമായുള്ള ക്രിസ്തുവിന്റെ സംഭാഷണവുമായി ബന്ധപ്പെട്ട് യോഹന്നാന്‍ എഴുതിയതുപോലെ, ''തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു'' (യോഹന്നാന്‍ 3:16) .

യേശു എന്ന ദാനം എല്ലാവര്‍ക്കും സന്തോഷവാര്‍ത്തയാണ്. ഭൂമിയില്‍ നിങ്ങള്‍ എവിടെ പാര്‍ത്താലും യേശുവിന്റെ ജനനം നിങ്ങള്‍ക്കുള്ള സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവിക വാഗ്ദാനമാണ്. ക്രിസ്തുവില്‍ പുതിയ ജീവിതം കണ്ടെത്തുന്ന ''സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ള'' എല്ലാവരും ഒരു ദിവസം ദൈവത്തിന്റെ മഹത്വം എന്നെന്നേക്കും ആഘോഷിക്കും (വെളിപ്പാട് 5:9).

പ്രാര്‍ത്ഥനയുടെ വിശേഷാധികാരം

"ഡാഡി ഇനിമേല്‍ പ്രാര്‍ത്ഥിക്കുക ഇല്ല,'' എന്ന തലക്കെട്ടുള്ള തികച്ചും വ്യക്തിപരമായ ഒരു ഇംഗ്ലീഷ് ഗാനത്തിനു പ്രചോദനമായത് ഗാനരചയിതാവിനുവേണ്ടിയുള്ള സ്വന്തം പിതാവിന്റെ പ്രാര്‍ത്ഥനയാണ്. പിതാവിന്റെ പ്രാര്‍ത്ഥനകള്‍ അവസാനിച്ചതിന്റെ കാരണം വികാരതീവ്രമായ വരികള്‍ വെളിപ്പെടുത്തുന്നു: നിരാശയോ ക്ഷീണമോ അല്ല, മറിച്ച് അദ്ദേഹത്തിന്റെ മരണമാണ് പ്രാര്‍ത്ഥനയ്ക്കു വിരാമം കുറിച്ചത്. ഇപ്പോള്‍, യേശുവിനോടൊപ്പം പ്രാര്‍ത്ഥനയില്‍ സംസാരിക്കുന്നതിനുപകരം, അവന്റെ പിതാവ് യേശുവിനോട്് മുഖാമുഖം സംസാരിക്കുകയാണെന്ന് അദ്ദേഹം സങ്കല്‍പ്പിക്കുന്നു.

ഒരു പിതാവിന്റെ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈ ഓര്‍മ്മ, വേദപുസ്തകത്തില്‍ കാണുന്ന ഒരു പിതാവിന്റെ മകനുവേണ്ടിയുള്ള പ്രാര്‍ത്ഥനയെ ഓര്‍മ്മിപ്പിക്കുന്നു. ദാവീദ് രാജാവ് ജീവിതാന്ത്യത്തിലെത്തിയപ്പോള്‍, തന്റെ പുത്രനായ ശലോമോനെ യിസ്രായേലിന്റെ അടുത്ത രാജാവായി ചുമതലയേല്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തി.

ശലോമോനെ അഭിഷേകം ചെയ്യാന്‍ ജനത്തെ ഒരുമിച്ചുകൂട്ടിയശേഷം, ദാവീദ് ആളുകളെ പ്രാര്‍ത്ഥനയില്‍ നയിച്ചു. യിസ്രായേലിനോടുള്ള ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ദാവീദ് വിവരിച്ചശേഷം, ജനങ്ങളും ദൈവത്തോട് വിശ്വസ്തത പുലര്‍ത്താന്‍ അവന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അവന്‍ തന്റെ മകനുവേണ്ടി ഒരു വ്യക്തിപരമായ പ്രാര്‍ത്ഥന നടത്തി, ''നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന് ... അവന് ഒരു ഏകാഗ്രഹൃദയം നല്‍കണമേ'' എന്നു ദാവീദ് ദൈവത്തോട് ആവശ്യപ്പെട്ടു (1 ദിനവൃത്താന്തം 29:19).

ദൈവം നമ്മുടെ ജീവിതത്തില്‍ വെച്ചിരിക്കുന്ന ആളുകള്‍ക്കുവേണ്ടി വിശ്വസ്തതയോടെ പ്രാര്‍ത്ഥിക്കാനുള്ള പ്രത്യേകമായ പദവി നമുക്കുണ്ട്. വിശ്വസ്തതയ്ക്കുള്ള നമ്മുടെ മാതൃക മായാത്ത സ്വാധീനം ചെലുത്തുകയും നാം പോയിക്കഴിഞ്ഞാലും നിലനില്‍ക്കുകയും ചെയ്യും. ശലോമോനും യിസ്രായേലിനും വേണ്ടി ദാവീദ് നടത്തിയ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം അവന്‍ പോയിക്കഴിഞ്ഞും ദൈവം നല്‍കിക്കൊണ്ടിരുന്നതുപോലെ, നമ്മുടെ പ്രാര്‍ത്ഥനകളുടെ സ്വാധീനവും നമുക്കു ശേഷം തുടരും.